2024 ഫെബ്രുവരി 28ന് രാത്രി മസ്കത്തിൽ നിന്ന് ഞങ്ങൾ ഇറാനിലെ ചരിത്രപ്രസിദ്ധമായ ഷിറാസ് നഗരത്തിൽ പറന്നിറങ്ങി. സമയം ഏതാണ്ട് 11 മണി. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നല്ല തണുപ്പ്. റോഡിൽ അല്പം മുമ്പ് പെയ്ത മഴയുടെ നനവ്. ഇരുണ്ട അന്തരീക്ഷം വരാനിരിക്കുന്ന അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച നിഗൂഢതയുടെ മുഖംമൂടിയായിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല. നേരത്തെ ഏർപ്പാട് ചെയ്തിരുന്ന വാഹനം ഞങ്ങളെയും വഹിച്ചു ഹോട്ടൽ മുറി ലക്ഷ്യമാക്കി നീങ്ങി. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിരത്തും വഴിയോരങ്ങളും വിമാനത്താവളം ഉണ്ടാക്കിയ നിരാശയെ ബഹുദൂരം പിന്നിലാക്കി. ഇറാനെ കുറിച്ച് കേട്ടുറച്ച മുൻധാരണകളെ മുഴുവൻ പൊളിച്ചടക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ. മൂന്ന് ദിവസം ശീറാസ് അതിൻ്റെ അതിശയങ്ങൾ ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നു. കവികളുടെയും കലയുടെയും പൂക്കളുടെയും ഈ നാട് കാല്പനികമായ അതിന്റെ സൗന്ദര്യം കെടാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. പൗരാണികതയുടെ ഗരിമയും ആധുനികതയുടെ സൗകര്യങ്ങളും അവിടെ മേളിച്ചിരിക്കുന്നു. ജനങ്ങൾ ഉല്ലാസഭരിതരും കർമ്മനിരതരുമാണ്. പരിസരം അനുപമമായ ശുചിത്വത്തിന്റെയും വൃത്തിയുടെയും പര്യായം. ആരോ അപ്പോൾ വന്നു തൂത്തുവാരി വൃത്തിയാക്കിയത് പോലെ തെരുവുകളും അങ്ങാടികളും നിരത്തുകളും. ആബാലവൃദ്ധം ജനങ്ങൾ ഏതോ മായിക സ്വപ്നത്തിൽ എന്നപോലെ അലയുന്ന മാർക്കറ്റുകൾ. മാളുകളിലും മാർക്കറ്റുകളിലും സർക്കാർ, സ്വകാര്യ ഓഫീസുകളിലും പെൺസാന്നിധ്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രണയജോഡികൾ ഒരു ഭയത്തിന്റെയും നിഴലിൽ അല്ലാതെ കൈകോർത്ത് നടന്നു പോകുന്നത് കാണാം…… സംഗീത സാന്ദ്രമാണ് ഇറാൻ. വാദ്യോപകരണങ്ങളുമായി തെരുവു ഗായകർ. വിശാലമായ തീനിടങ്ങളിൽ ഗായകരും നർത്തകരും. മാധ്യമങ്ങൾ എന്താണ് നമ്മളോട് പറഞ്ഞുകൊണ്ടിരുന്നത് എന്ന് ശീറാസിലും കാശാനിലും ഇസ്ഫഹാനിലും തഹ്റാനിലും വെച്ച് ഞങ്ങൾവീണ്ടും വീണ്ടും അത്ഭുതപ്പെട്ടു.
തെരുവോരകായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങൾ. വസന്തം കാത്ത് ഇല പൊഴിഞ്ഞ ആപ്പിൾ മരങ്ങൾ. യാത്രയിലൂടെ നീളം കാഴ്ചയിൽ പെടുന്ന ഹരിതാഭമായ കൃഷിയിടങ്ങൾ. നിരന്തരമായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം സ്വയം പര്യാപ്തരാക്കിയ ഇറാനികൾ സ്വന്തമായി ഉണ്ടാക്കിയ കാറുകളും ലോറികളും ബൈക്കുകളും റോഡുകൾ കീഴടക്കിയിരിക്കുന്നു. സ്വന്തം പെപ്സിയും കൊക്കകോളയും പോലും ഇറാന് ഉണ്ട്. സ്വയം പ്രവർത്തിക്കുന്ന ടോളുകൾ ഇറാന്റെ സാങ്കേതിക മികവ് വിളിച്ചോതുന്നുണ്ടായിരുന്നു. ഇറാനിലെ സർവകലാശാലകൾ ശാസ്ത്ര ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതായി അറിവുള്ളവർ നേരത്തെ തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. വിദ്യാസമ്പന്നരായ യുവതികളും യുവാക്കളും ഒന്നിലധികം ഭാഷകൾ അനായാസം സംസാരിക്കുന്നു. പള്ളികളിലെ മുല്ലമാർക്കു പോലും ഫ്രഞ്ചും ഇംഗ്ലീഷും നന്നായി വഴങ്ങും.
ചരിത്രമാണ് ഇറാന്റെ സാംസ്കാരിക സമ്പത്ത്. അത് ഏറ്റവും നന്നായി കാത്തുസൂക്ഷിക്കാനും അവർക്ക് സാധിച്ചിരിക്കുന്നു. ചരിത്രത്തിൽ നാം പഠിക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രതാപകാലം അടയാളപ്പെടുത്തുന്ന ശേഷിപ്പുകൾ ആണ് പെർസിപോളിസിൽ സന്ദർശകരെ വരവേൽക്കുന്നത്. ക്രിസ്തുവിന് മുമ്പ് 550 മുതൽ 330 വരെ രണ്ടു നൂറ്റാണ്ട് കാലം നിലനിന്ന അക്കമിനീദ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു
ശീറാസ് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പെർസിപോളിസ്. യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച ഇവിടെ എ ഐ/ വി ആർ ക്യാമറയുടെ സഹായത്തോടെ ഒരുകാലത്ത് ലോകത്തിൻറെ ഗതി നിർണയിച്ചിരുന്ന കൊട്ടാരത്തിന്റെ പൂർവ്വകാല പ്രൗഢി നമുക്ക് കാണാം. അത്ഭുതപ്പെടുത്തുന്ന സ്തൂപങ്ങളും ചുമർചിത്രങ്ങളും ലിഖിതങ്ങളും നമ്മെ പൗരാണിക കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മഹാനായ ദാരിയസ് ഉൾപ്പെടെയുള്ള ചക്രവർത്തിമാർ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ് പെർസി പോളിസിൽ നിന്നും 13 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഖ്ഷെ റോസ്തം. പാസാർ ഗൈഡ് ആണ് ചരിത്രശേഷിപ്പുകളിലെ മറ്റൊരു പ്രധാന ഇനം. മഹാനായ സൈറ്റിന്റെ കാലത്തെ അക്കമനീയൻ തലസ്ഥാനം ആയിരുന്നു യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുന്ന ഈ ചരിത്ര സ്മാരകം. ഖുർആൻ പരാമർശിക്കുന്ന ദുൽഖർനൈൻ ആണ് സൈറസ് എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൽജൂഖ്, സഫവി, സാസാനി, ഖാജർ തുടങ്ങി പേർഷ്യ ഭരിച്ച പിൽക്കാല രാജവംശങ്ങളുടെ ശേഷിപ്പുകളും ഇറാൻ കാത്തുസൂക്ഷിക്കുന്നു.
സഫവി കാലം മുതൽ ശക്തമായ ഇറാനിലെ ഇസ്നാ അശരി ശീഈ സാന്നിധ്യം നിരവധി മൊസോളിയങ്ങൾ ഇറാൻ സമ്മാനിച്ചിരിക്കുന്നു. ചെറുതെങ്കിലും സ്ഫടികാലങ്കാരങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു അലി ഇബ്നു ഹംസ ദർഗ. നാലാമത്തെ ശീഈ ഇമാം മൂസൽ കാളിമിയുടെ പൗത്രൻ ആണ് അലി ഇബ്നു ഹംസ. സന്ദർശകരെ സ്വീകരിക്കാൻ ഇരിക്കുന്ന ഒരു സ്ത്രീ ദർഗയുടെ ചരിത്രം ഞങ്ങൾക്ക് ഇംഗ്ലീഷിൽ വിവരിച്ചു തന്നു. ഇറാന്റെ ആത്മീയ നഗരമായ ഖുമ്മിനെ പ്രശസ്തമാക്കുന്നത് അവിടത്തെ ഫാത്തിമാ മസോളിയവും അനുബന്ധ മതപാഠശാലകളും ആണ്. അസംഖ്യം ജനങ്ങളാണ് നിത്യേന ഇവിടം സന്ദർശിക്കുന്നത്. എട്ടാമത്തെ ശീഈ ഇമാം റസായുടെ സഹോദരിയാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ഫാത്തിമ മഅസൂമ. തെഹ്റാനിൽ 20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ നിർമ്മിതിയാണ് ഇറാൻ ഇസ്ലാമിക വിപ്ലവത്തിൻറെ അമരക്കാരൻ ആയത്തുള്ള ഖുമൈനിയുടെ മഖ്ബറ. അദ്ദേഹത്തിൻറെ പത്നിയും മകനും ഇവിടെ അദ്ദേഹത്തോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു.
ചരിത്രശേഷിപ്പുകൾ കഴിഞ്ഞാൽ ഇറാന്റെ ആകർഷണം അതിൻറെ കരകൗശല വിസ്മയങ്ങൾ ആയ പരവതാനികളും ചിത്രങ്ങളും പാത്രങ്ങളും ഉദ്യാനങ്ങളും തിന്നാൽ മതിവരാത്ത പഴങ്ങളും മധുര പലഹാരങ്ങളും ഭക്ഷണവു ആണ്. നാനാ തരം റൊട്ടികളും വൈവിധ്യമാർന്ന ചോറുകളും വ്യത്യസ്ത രുചികൾ ഉള്ള കബാബുകളും ഇറാന്റെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ്. ഉണക്കപഴങ്ങളും നട്സും പലതരം വിത്തുകളും പച്ചക്കറികളും പഴസത്തുകളും സർബത്തുകളും ചായകളും ഇറാനിയൻ ഭക്ഷണത്തിൻറെ വൈവിധ്യം വർദ്ധിപ്പിക്കുന്നു.
പുതുവർഷം ആയ നവറോസിന് വേണ്ടി ഒരുങ്ങുന്ന തെഹ്റാനിലെ ഏറ്റവും തിരക്കുള്ള ഗ്രാൻഡ് ബസാറും നഗരത്തിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന സായാഹ്ന ഉല്ലാസ കേന്ദ്രമായ മഞ്ഞണിഞ്ഞ മലയടിവാരത്തിലെ ദാർബന്ദ് ഗ്രാമത്തിന്റെ കുളിർ നുകർന്ന് ആധുനിക ഇറാന്റെ ചിഹ്നമായ പഹ്ലവിയുടെ ആസാദി ഗോപുരം ചുറ്റി ഇത്രയും ദിവസങ്ങൾ കൂടെ നിന്ന വഴികാട്ടി ഹാമിദിനു ഗാഢാശ്ളേഷത്തിലൂടെ നന്ദി പറഞ്ഞു ഒരു പിടി മറക്കാനാവാത്ത സ്മരണകളുമായി ഞങ്ങൾ ഇറാന്റെ മഞ്ഞു മലകളോട് വിട പറഞ്ഞു.